കത്തോലിക്ക സഭയിലെ പ്രതേ്യകിച്ച് കേരള സഭയിലെ ക്രിസ്തീയ വിശ്വാസത്തിലും പാരമ്പര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പാല രൂപത ബൈബിള്‍ അധിഷ്ഠിതമായ പഠനത്തിലും പരിശീലനത്തിലും വചന പ്രഘോഷണങ്ങള്‍ക്കും എന്നും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. ഇതു തന്നെയാണ് പാല രൂപതയെ 'കേരളത്തിലെ വത്തിക്കാന്‍' എന്ന വിശേഷണത്തില്‍ എത്തിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികര്‍ ഉളളത് പാല രൂപതയിലാണ് എന്നുളളത് അഭിമാനത്തോടെ ഓര്‍ക്കേണ്ടതാണ്. രൂപതയിലെ ബൈബിള്‍ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി ഉളള ഒരു പ്രതേ്യക ഡിപ്പാര്‍ട്ട്‌മെന്റ് ആയി പാല ബൈബിള്‍ അപ്പോസ്റ്റലേറ്റ് ആരംഭിച്ചു. അഭിവന്ദ്യ പിതാക്കന്‍മാരുടെ നേതൃത്വത്തില്‍ രൂപതയിലെ ബൈബിള്‍ വിജ്ഞാനത്തില്‍ പ്രാമുഖ്യമുളള ഡോ. സൈറസ് വേലമ്പറമ്പില്‍, ഡോ. ആഡ്രൂസ് മേക്കാട്ടുകുന്നേല്‍, ഡോ. തോമസ് നാഗനൂലില്‍, ഡോ. അഗസ്റ്റിന്‍ കുട്ടിയാനില്‍ എന്നിവരാണ് ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍മാരായി സേവനം അനുഷ്ഠിച്ചിരുന്നത്. 2014 മുതല്‍ ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ആയി ചാര്‍ജ് എടുക്കുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളെ കെ. സി. ബി. സി. ബൈബിള്‍ കമ്മീഷനും ആയി സഹകരിച്ചുകൊണ്ടാണ് നടത്തിവരുന്നത്.
1997-ല്‍ അല്‍മായര്‍ക്കുവേണ്ടി ദ്വിവത്സര ബൈബിള്‍ കോഴ്‌സ് ആരംഭിച്ചു. കൂടാതെ വിശുദ്ധനാട് തീര്‍ത്ഥാടനം, ഇടവകകളില്‍ അല്‍മായര്‍ക്കു വേണ്ടിയുളള ബൈബിള്‍ ക്ലാസ്സ്, കുട്ടികള്‍ക്കു വേണ്ടി ബൈബിള്‍ പരിചയ ക്യാമ്പുകള്‍ മുതിര്‍ന്നവര്‍ക്ക് ദൈവ വചന അനുഭവ ധ്യാനം, സെമിനാറുകള്‍ തുടങ്ങിയവയെല്ലാം ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ലോഗോസ് ക്വിസ്-ല്‍ രൂപതയില്‍ നിന്ന് 45000 ത്തോളം പേരെ പങ്കെടുപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും തന്നെ ലോഗോസ് സംസ്ഥാനതല പരീക്ഷയില്‍ ഉന്നത സ്ഥാനങ്ങള്‍ നേടുന്നതിനു പുറമെ 2011-ലും 2012-ലും നമ്മുടെ രൂപതയിലെ സിസ്റ്റര്‍ ബെറ്റി ഉം 2014-ല്‍ മിസിസ്സ് ബീന ജേക്കബിനും ലോഗോസ് പ്രതിഭാ പുരസ്‌കാരം ലഭിച്ചു എന്നുളളത് അഭിമാനകരമായ ഒരു നേട്ടം തന്നെ.
ഈ വര്‍ഷം മുതല്‍ ബൈബിള്‍ രചന മത്സരം, ലോഗോസ് ഫാമിലി ക്വിസ് തുടങ്ങിയവ ആരംഭിക്കുന്നു. 365 ദിവസം കൊണ്ട് ബൈബിള്‍ ഒരാവര്‍ത്തി വയ്ക്കുന്നതിനു വേണ്ടി വിശുദ്ധ ഗ്രന്ഥ പാരായണ ചാര്‍ട്ട് രൂപകല്പന ചെയ്ത് പുറത്തിറക്കുന്നു.
ഓരോ ഇടവകയിലേയും ബൈബിള്‍ പഠനത്തിനും പരിശീലനത്തിനും താത്പര്യം ഉളളവരെ ഉള്‍ക്കൊളളിച്ചു കൊണ്ട് ഒരു കൂട്ടായ്മ 'ബൈബിള്‍ വേദി' ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നതാണ്.
ബൈബിള്‍ പഠനത്തിനും പരിശീലനത്തിനും ആധുനിക സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബൈബിള്‍ അപ്പോസ്റ്റലേറ്റിനു വേണ്ടി ഒരു വെബ്‌സൈറ്റ് ആരംഭിക്കുകയാണ്. ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ പ്രവര്‍ത്തനങ്ങളെ വിശ്വാസകളില്‍ എത്തിക്കുന്നതിനും ബൈബിള്‍ സംബന്ധമായ സംശയങ്ങള്‍ ഓണ്‍ലൈനായി ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനും പ്രതേ്യക ക്രമീകരണങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ഒരുക്കിയിരിക്കുന്നു. വിശ്വാസികള്‍ക്ക് അവരുടെ സംശയങ്ങള്‍ ഓണ്‍ലൈനിലൂടെ അല്ലാതെ തപാല്‍ വഴിയും ചോദിക്കാവുന്നതാണ്.